Tuesday, June 23, 2009

ചരിത്രപ്രസിദ്ധമായ മാവൂര്‍ കണ്ണിപറമ്പ് ശിവക്ഷേത്രം

ജൂണ്‍മാസത്തിലെ ആദ്യവാരങ്ങളിലെ ഏതോ ഒരു സായാഹ്നത്തിലാണ് കോഴിക്കോടിനടുത്തുള്ള പ്രകൃതിരമണീയമായ എന്റെ ജന്മനാട്ടില്‍ വെച്ച് സുഹൃത്തായ ജെ.കെ.യെ കാണുന്നത്. (കൊള്ളാം. എഴുതിതുടങ്ങുമ്പോള്‍ തന്നെ കിടിലന്‍ സാഹിത്യം കിട്ടി.. ഭാഗ്യം..!) മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ച് ഒരുസായന്തനസവാരി ആയിരുന്നു ഉദ്ദേശം. വീണുകിട്ടുന്ന ഇത്തരം ഒഴിവുദിവസങ്ങളില്‍ സായാഹ്നം ചെലവഴിക്കാന്‍മറക്കാറില്ല. പകല്‍ ഏറെനേരവും പെയ്ത മഴയും ഏതാണ്ട ഒരു റിലീഫ് ആഗ്രഹിച്ചതുപോലെ തോന്നി.
തെളിഞ്ഞ അന്തരീക്ഷം. പൈപ് ലൈന്‍ റോഡ് ആണ് ഇത്തവണതെരഞ്ഞെടുത്തത്. മനസ്സു മൂടിക്കെട്ടിക്കിടക്കുന്ന അവസരങ്ങളില്‍ പോലും ഈ സ്ഥലത്തു വന്ന് അല്‍പനേരംനടന്നാല്‍ കിട്ടുന്ന ഒരു സുഖത്തെപറ്റി കൂട്ടുകാര്‍ പറയാറുള്ളത് കറക്ട്.

ഏക്കറുകളോളം കിടക്കുന്ന കൃഷിചെയ്യാത്ത വയലേലകളാണ് കല്‍പള്ളി പാടത്തിന്റെ പ്രത്യേകത. ഒരുമിനി കുട്ടനാട് എന്ന് ഞാനും പറയാറുണ്ട്. മാത്രമല്ല, വിദേശ ദേശാടനപക്ഷികള്‍ ചേക്കേറുന്ന കേരളത്തിലെഅപൂര്‍വ്വം ചില സ്ഥലങ്ങളില്‍ ഒന്നാണ് ഇവിടം. വെള്ളം തങ്ങി നിന്ന് ഒരു കായല്‍പരപ്പുപോലെ തോന്നുന്ന ഈപാടത്തിനു നടുവിലൂടെ എം.ജി. റോഡ് പോലെവലിച്ചുകെട്ടിയ പൈപ്പ് ലൈന്‍ റോഡ്. പാടത്തിന്റെനിരപ്പില്‍ നിന്നും സാമാന്യം ഉയര്‍ന്നുകിടക്കുന്നതിനാല്‍ കൊങ്ങുംവെള്ളം (വെള്ളപ്പൊക്കത്തിന് ചില മലപ്പുറംഭാഗങ്ങളില്‍ ഇങ്ങനെ) വന്നാല്‍ പോലും വാഹനങ്ങള്‍ക്ക് കഴുത്തറ്റം
മുങ്ങാതെ പോകാം. പതിവുപോലെറോഡിന്റെ കിഴക്കറ്റത്തുനിന്നും ഞങ്ങള്‍ യാത്ര തുടങ്ങി.

ജാഡ പറയുകയല്ല. എനിക്കു ജന്മസിദ്ധമായി കിട്ടിയ ഏതാനും കഴിവുകളില്‍ ഒന്നു

മാത്രമാണല്ലോ.. (ഓ.. പിന്നെ.. എന്നു പറയാന്‍ വന്ന നാവ് എടുത്ത് അകത്തേക്കിട്..) ...മറവി. അത് ഇത്തവണയുംകൂടെയുണ്ടായിരുന്നു. ഫോട്ടോ എടുക്കാന്‍ ക്യാമറ എടുത്ത് ഫോക്കസ് ചെയ്തപ്പോഴാണ് മെമ്മറികാര്‍ഡ് മറന്നകാര്യം മനസ്സിലായത്. ആനയുണ്ട് തോട്ടി ഇല്ല എന്നു പ റഞ്ഞമാതിരി ഒരു അവസ്ഥ. ഭാഗ്യത്തിന് സുഹൃത്ത്ജെ.കെ.യുടെ കയ്യില്‍ നിന്നും ഒരെണ്ണം ഒപ്പിക്കാന്‍ കഴിഞ്ഞതുകൊണ്ട് ഏതാനും ഫോട്ടോസ് പകര്‍ത്താന്‍ കഴിഞ്ഞു.

ഏതുവിഷയത്തെകുറിച്ചും രസകരമായി സംസാരിക്കാന്‍കഴിവുള്ളയാളാണ് ജെ.കെ. ഈ മഹാനുഭാവുലു-വിന്റെ യഥാര്‍ത്ഥ പേര്ജയകൃഷ്ണന്‍. അദ്ദേഹം പുതിയ ജോലിസ്ഥലത്തെ വിശേഷങ്ങളില്‍ വാചാലനായിരുന്നു.

കിഴക്കെ അറ്റത്തുനിന്നും യാത്ര തുടര്‍ന്ന ഞങ്ങള്‍ ഏകദേശം 45 മിനിട്ട് ആയതോടുകൂടി പാടത്തിന്റെ മധ്യഭാഗത്തെത്തി. പുഴമീന്‍പിടിക്കാന്‍ ചൂണ്ടയിടുന്ന പയ്യന്‍മാര്‍ സായാഹ്നത്തിന് മാറ്റുകൂട്ടുന്നുണ്ട്എന്നു പറയാം. (അവന്മാര്‍ കേള്‍ക്കാത്തത് ഭാഗ്യം). അല്‍പനേരം അവിടെകാഴ്ചകള്‍ കണ്ടു സമയം കളയുന്നതിനിടയ്ക്ക് കുറച്ചു സ്‌നാപ്‌സ്‌ എടുത്തു. തൊട്ടാവാടിപൂവിന്റെ മാക്രോ ഇമിജ്‌ വളരെ രസകരമായി തോന്നി.

സമയം സന്ധ്യയോടടുത്തപ്പോഴാണ് സുഹൃത്തിന്റെ പുതിയ ആശയമനുസരിച്ച് സമീപത്തുള്ള ചരിത്രപ്രസിദ്ധമായ കണ്ണിപറമ്പ് ശിവക്ഷേത്രം സന്ദര്‍ശിക്കാന്‍ പോയത്. വഴിയെയുള്ള കാഴ്ചകള്‍ തികച്ചുംസ്വപ്‌നതുല്യമായിരുന്നു എന്നു പറയാം. ഇടവഴിപോലെയുള്ള റോഡില്‍ നിന്നും പുറത്തേക്കു കാണുന്നതുറസ്സായ പാടത്തിന്റെ ഫോട്ടോയുടെ പ്രിവ്യൂകണ്ടപ്പോള്‍ എന്നെയും ക്യാമറയെയും കുറിച്ച് അഭിമാനംതോന്നി (അത് വായിക്കുന്ന ഞങ്ങള്‍ക്കു തോന്നുന്നില്ല എന്നുമാത്രം പറയരുത്.) കുത്തനെയുള്ള വഴികളിലൂടെ യാത്രചെയ്തപ്പോള്‍ മൂകാംബികക്കടുത്തുള്ള കുടജാദ്രി യുടെചിത്രം ചിന്തകളില്‍ നിറഞ്ഞു. 10 മിനിട്ടു നടന്നപ്പോള്‍വിഷ്ണുക്ഷേത്രത്തിന്റെ വളപ്പിലെത്തി. ക്ഷേത്രത്തിന്റെചിത്രം പകര്‍ത്തുന്നത് ആളുകളുടെ ശ്രദ്ധതിരിക്കുമെന്നുതോന്നി. ഒന്നില്‍കൂടുതല്‍ ചിത്രം എടുക്കാനായില്ല.


പ്രധാനമായ ഒരു കാര്യം വര്‍ഷം തോറും ശിവരാത്രി ദിനത്തില്‍ ഇവിടെ കാണുന്നജനത്തിരക്കാണ്. കാശിയില്‍ നിന്നും ഭൂമിക്കടിയിലൂടെ ഒഴുകി വരുന്നതെന്ന് കരുതുന്ന തീര്‍ത്ഥജലം വാങ്ങാന്‍ പതിനായിരക്കണക്കിന് ഭക്തരാണ് ആ ദിവസംഎത്തിച്ചേരുന്നത്. ഇക്കാര്യത്തെക്കുറിച്ച് കൂടുതലറിയാന്‍ വേണ്ടി ക്ഷേത്രപരിസരത്തുകണ്ട ഒരു ഭക്തനെസമീപിച്ചു. തീര്‍ത്ഥജലം ഉറവയായി വരുന്ന സ്ഥലത്തെക്കുറിച്ച് അന്വേഷിച്ചു. അത് ക്ഷേത്രത്തിലല്ലെന്നുംസമീപത്തുള്ള മറ്റൊരു കുന്നിന്‍പ്രദേശത്താണെന്നും ഞങ്ങള്‍ മനസ്സിലാക്കി. സമയം വൈകിയെങ്കിലുംഇരുട്ടുവീഴാന്‍ ഇനിയും സമയമുണ്ടായിരുന്നതുകൊണ്ട് അയാള്‍ പറഞ്ഞ വഴിയിലൂടെ അവിടേക്ക് പോവാന്‍ഞങ്ങള്‍ തയ്യാറെടുത്തു. വഴിയില്‍വെച്ച് ഒരിക്കല്‍കൂടി സ്ഥലം ചോദിച്ചു മനസ്സിലാക്കേണ്ടിവന്നു.
വഴിയരികിലെ കൂറ്റന്‍ വൃക്ഷങ്ങള്‍ കണ്ടെങ്കിലും അവയുടെ ഗാംഭീര്യം ഫോട്ടോയില്‍ പൂര്‍ണ്ണമായും പകര്‍ത്താന്‍കഴിഞ്ഞില്ല. എങ്കിലും ഒരു മാവിന്റെ നേരെ ചുവട്ടില്‍ നിന്നും മുകളിലേക്കുള്ള ഒരു വ്യൂ നിങ്ങള്‍ക്ക് കാണാം. 200 വര്‍ഷമെങ്കിലും പഴക്കമുള്ള മാവായിരിക്കാമെന്ന് സുഹൃത്ത് അഭിപ്രായപ്പെട്ടു. (കക്ഷി ചുമ്മാ ടാക്‌സും കൂട്ടിപറഞ്ഞതാ. അമ്പതോ നൂറോ കാണും). ചെങ്കല്‍ വെട്ടിയെടുത്ത റോഡിലൂടെ കുത്തനെയുള്ള യാത്ര ഞങ്ങളെതളര്‍ത്തി. തിരിഞ്ഞു നോക്കുമ്പോള്‍ കാണുന്ന കാഴ്ച മനോഹരമായിരുന്നു. കുന്നിനുമുകളില്‍ എത്തിയപ്പോള്‍വിശാലമായ ഒരു മൈതാനവും ഒരു വശത്ത് ചെറിയ മതില്‍ കെട്ടിമറച്ചിരിക്കുന്നതായും കണ്ടു. തീര്‍ത്ഥജലം ഉറവയായി വരുന്ന കിണര്‍ഇവിടെയാണ്. പുരാണത്തിലെ കണ്വമഹര്‍ഷി തപസ്സിരുന്നസ്ഥലമായിരുന്നു ഇതെന്നു പറയപ്പെടുന്നു ഈ സ്ഥലത്തിന് കണ്ണിപറമ്പ്എന്ന് പേര്‍ വന്നത് അതിനാലാണെന്നത് ഞങ്ങള്‍ ഓര്‍ത്തു. ഒന്നു രണ്ടുചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി. (ക്ഷമിക്കണം. ചിത്രങ്ങള്‍ ബ്ലോഗില്‍ ചേര്‍ത്തിട്ടില്ല). കുറച്ചുനേരം കൂടി അവിടെചിലവഴിച്ച് ഞങ്ങള്‍ മടങ്ങി.

പ്രസിദ്ധമായ ഒരു ക്ഷേത്രത്തെകുറിച്ച് കൂടുല്‍ മനസ്സിലാക്കിയ സംതൃപ്തിയോടെ ഞങ്ങള്‍ തിരിച്ചു. തിരിച്ചുറോഡിലെത്തിയപ്പോള്‍ നേരം ഇരുട്ടിയിരുന്നു. ഇരുണ്ട വെളിച്ചത്തില്‍ ഉള്ള കാഴ്ചയും വളരെമനോഹരമായിരുന്നെങ്കിലും എന്റെ ഇത്തിരിക്കുഞ്ഞന്‍ സോണി സൈബര്‍ഷോട്ട് ഒരു പാവം ക്യാമറ ആയതുകൊണ്ട്‌ ഇരുട്ടായാല്‍ വലിയ പെര്‍ഫോമന്‍സ് കാണിക്കാറില്ല. ചില മനോഹരദൃശ്യങ്ങള്‍ കന്ടുതന്നെആസ്വദിക്കനമെന്നുമ് ക്യാമറയില്‍ പകര്‍ത്താനുള്ളതല്ലെന്നും (ഒരു ആശ്വാസത്തിനു) സ്വയം അഭിപ്രായപ്പെട്ടു.

വളരെ ഭംഗിയായി ഒരു വൈകുന്നേരം ഞങ്ങള്‍ ദൂരെയുള്ളചായക്കടയിലേക്ക്... (അവിടെനിന്ന് 2 കിലോമീറ്റര്‍ ദൂരെ നിര്‍ത്തിയിട്ടിരുന്ന സൂഹൃത്തിന്റെബൈക്കിനടുത്തേക്ക്...

(തെറ്റുകളും കുറവുകളും മാന്യവായനക്കാര്‍ ക്ഷമിക്കുമല്ലോ... അഭിപ്രായങ്ങള്‍ അറിയിക്കാം.)












No comments:

Post a Comment