തൃശ്ശൂര്‍ എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് സിത്താര്‍ വായിക്കുന്നതുപോലെ ഈണത്തിലുള്ള തൃശ്ശൂര്‍ ഭാഷയായിരിക്കാം. എങ്കിലും ഒന്നുകൂടെ ചിന്തിക്കുമ്പോള്‍ വരുന്നത് തൃശൂര്‍ പൂരത്തെകുറിച്ചായിരിക്കും. കാണാന്‍ പോകുന്ന പൂരം ബ്ലോഗിലൂടെ അറിയിക്കണോ എന്നൊരു പഴഞ്ചൊല്ല് ഉണ്ടെങ്കിലും അറിയിക്കാതിരിക്കാന്‍ വയ്യ. ""കാരണം എന്തൂട്ടാന്നറിയോ... അതൊരു സംഭവാണ്ട്ടോ.. സംഭവം..."
ഉത്സവദിവസം രാത്രി 9 മണിയോടെ കേരളത്തിന്റെ സാംസ്കാരിക "തലസ്ഥാനത്തെത്തിയെങ്കിലും" "തല' ചായ്ക്കാന്‍ ഒരു 'സ്ഥാനം' കണ്ടെത്താന്‍ പാടുപെട്ടു. ഹോട്ടല്‍ മുറികളൊന്നും കിട്ടാനില്ല. വടക്കുംനാഥന്റെ അനുഗ്രഹം കൊണ്ടായിരിക്കാം. ഒരെണ്ണം തരപ്പെടുത്താന്‍ കഴിഞ്ഞു. പക്ഷെ ഒരുദിവസത്തെ തുക പറഞ്ഞതു കേട്ടപ്പോള്‍ പൂരപ്പറമ്പിലെ ഒരു വെടി നെഞ്ചിനുള്ളില്‍ അഡ്വാന്‍സ് ആയി പൊട്ടിയതുപോലെ. ഒരു മാസത്തേക്കല്ല ഉദ്ദേശിച്ചതെന്നും ഇന്നു ഒരു ദിവസത്തെ താമസത്തിനാണെന്നും ഹോട്ടല്‍ ഉടമയോട് ഒന്നു കൂടെ പറഞ്ഞുനോക്കിയെങ്കിലും കാര്യമുണ്ടായില്ല. തുക കൂടിയാലെന്ത് കുളിച്ചു കുട്ടപ്പനായി വന്നു വെടിക്കെട്ടും കരിമരുന്നു പ്രയോഗവും കാണാമല്ലോ എന്നായി പിന്നെ.
തൃശ്ശൂര്‍ പട്ടണത്തിലെ തെരുവുകള്‍ രാത്രി മുഴുവനും സജീവമായിരുന്നു. കുട്ടികളുടെയും ചെറുപ്പക്കാരുടെയും ആഹ്ലാദഭരിതമായ ആര്‍പ്പുവിളികള്‍. കച്ചവടക്കാരുടെ ബഹളം. കുഴല്‍വിളികള്‍. ദീപാലംകൃതമായ ക്ഷേത്രകവാടങ്ങള്‍.. എല്ലാം കൊണ്ടും രാത്രിയാണോ പകലാണോ എന്നു സംശയം തോന്നി.
പൂലര്‍ച്ചെ മൂന്നു മണിക്കു തന്നെ തയ്യാറായി പൂരപ്പറമ്പിനടുത്തെത്തി. ആദ്യമാദ്യം വലിയ തിരക്കൊന്നും തോന്നിയില്ലെങ്കിലും 3.15 ആയപ്പോഴേക്കും ജനങ്ങളുടെ വലിയ ഒരു തിരക്കുതന്നെ അനുഭവപ്പെട്ടു. ആളുകള്‍ ഒഴുകിനീങ്ങുകയാണോ എന്നു തോന്നി. 3.30 ആയപ്പോഴേക്കും കാലു കുത്താന്‍ പോലും സ്ഥലമില്ലാത്ത വിധം ആളുകള്‍ തിങ്ങി നിറഞ്ഞുകഴിഞ്ഞു.
എല്ലാവരുടെയും കണ്ണുകള്‍ പാറമ്മേക്കാവ് ഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കിയിരിക്കുന്ന സ്ഥലത്തേക്കാണ്. ഇത്രയേറെ ആളുകള്‍ ഉണ്ടായിട്ടും. പരിസരം ഏറെക്കുറെ നിശബ്ദം. പക്ഷെ, മൂന്നുമണിയ്ക്ക് വെടിക്കെട്ടു തുടങ്ങുമെന്ന് കരുതി ഉഷ്ണം വകവെക്കാതെ ഒറ്റക്കാലിലും "നാലുകാലിലും" ടാബ്ലോ പോലെ നിന്നിരുന്ന ചില ഭക്തജനങ്ങള്‍ക്ക് നാലുമണി ആയതോടെ ക്ഷമ നശിച്ചു തുടങ്ങി. മാറ്റിനി കാണുന്നതുപോലെ കൂവി വിളിക്കാന്‍ ആരും ധൈര്യപ്പെടുന്നില്ല എന്നു മാത്രം.

ഞാനും ഏതാണ്ട് ക്ഷമയുടെ "നെല്ലിപ്പലക"കാണാന്‍ തുടങ്ങി. എല്ലാരും പറയുന്നതു കേട്ടിട്ടെയുള്ളു. എന്താ ഈ നെല്ലിപ്പലക?... അതു വിട്.. കാര്യത്തിലേക്ക് കടക്കാം. ആള്ക്കൂട്ടത്തിനിടയിലായതുകൊണ്ടാവാം നല്ല ഉഷ്ണം. ചിലര്‍ പത്രക്കടലാസുകള്‍ ഉപയോഗിച്ച് സ്വയം വീശി തണുപ്പിക്കുന്നു. ചേര്‍ന്നുനിന്ന് ഓസിന് കാറ്റുകൊള്ളുന്നവരും ഉണ്ട്. തലേദിവസം രണ്ടു "വീശി"യതിന്റെ കെട്ടു വിടാത്തവര്ക്കു പിന്നെ ചൂടുമില്ല തണുപ്പുമില്ല... മറ്റൊരു ലോകം. പാവങ്ങള്‍..

ഇപ്പൊ പൊട്ടും.. ഇപ്പൊ പൊട്ടും എന്നു കരുതി ചെവി പൊത്തി തയ്യാറെടുത്തതെല്ലാം വേസ്റ്റായി. എപ്പൊഴെങ്കിലും പൊട്ടുന്നെങ്കില് പൊട്ടട്ടെ എന്ന ഭാവത്തില്‍ ചിലര്‍ കയ്യും കെട്ടി നില്ക്കാന് തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോഴേക്കും തുടങ്ങിയത് പക്ഷെ റൗണ്ടിന്റെ എതിര്‍ഭാഗത്തുള്ള തിരുവമ്പാടി ഭാഗത്തിന്റെ ആയിരുന്നു. 15 മിനിട്ടിലേറെ വെടിക്കെട്ട് അവസാനിച്ചപ്പോഴേക്കും ജനങ്ങളുടെ ആര്‍പ്പുവിളികള്‍ മാത്രം ബാക്കിയായി.
വീണ്ടും 20 മിനിറ്റോളം കഴിയേണ്ടിവന്നു പാറമ്മേക്കാവിന്റെ ഊഴമാവാന്‍. തിരുവമ്പാടിക്കാര്‍ ഗംഭീരമാക്കിയെങ്കില്‍ പാറമ്മേക്കാവ് അതിഗംഭീരമാക്കി എന്നു പറയാം. ചെറിയ രീതിയില്‍ തുടങ്ങി നീങ്ങി നീങ്ങി പകുതിയായപ്പോഴേക്കും ആകാശം മുഴുവന്‍ പുക കൊണ്ടു നിറഞ്ഞിരുന്നു. പിന്നീടുള്ള പെര്‍ഫോമന്‍സ് ഭയാനകം തന്നെ. ഇടക്കിടെയുണ്ടാകുന്ന വലിയ സ്ഫോടനങ്ങള്‍ പരിസരം മുഴുവന്‍ ഇടിമിന്നലിലെ പോലെ വെളിച്ചം പരത്തി. ഒരുപക്ഷെ നടത്തിപ്പുകാര്‍ക്ക് അബദ്ധം പറ്റി അടുത്ത പത്തുവര്‍ഷത്തേക്കു വെച്ചിരിക്കുന്ന മരുന്നിനുകൂടി തീ പിടിച്ചതായി നിങ്ങള്‍ക്കു സംശയം തോന്നാം. ഒടുവില്‍ വലിയ രണ്ടുമൂന്നു മുഴക്കത്തോടെ 15 മിനിട്ടോളം നീണ്ട വെടിക്കെട്ട് ഏതാണ്ട് അവസാനിച്ചു.
(വീഡിയോ കാണുക)
തൃശ്ശൂര്‍ പൂരം ഇനി മുതല്‍ റിയോ ഡി ജെനീറോയില്‍... (ബെര്‍ളി തോമസിന്റെ രസികന്‍ ബ്ലോഗ് വായിക്കുക)

Nice! But some parts are not clear. Thanks for information.
ReplyDelete